ബോളിവുഡില്‍ മാത്രമല്ല, അങ്ങു ഹോളിവുഡിലും ഇങ്ങു തെന്നിന്ത്യയില്‍ വരെ ഒട്ടേറെ ആരാധകരുള്ള നടിയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.
തന്റെ നിലപാടുകള്‍ തുറന്നു പറയാനും പ്രിയങ്ക മടി കാണിക്കാറില്ല. ഇപ്പോഴിതാ സിനിമയില്‍ നേരിട്ട പരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. അബുദാബിയില്‍ നടന്ന ബ്രിഡ്ജ് മീഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നടി.
ഒരു വര്‍ഷം ഞാന്‍ ആറ് സിനിമകള്‍ ചെയ്തു, അതെല്ലാം തകര്‍ന്നു. അങ്ങനെയിരിക്കെ ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമ മറ്റൊരാളുടെ അടുത്തേക്ക് എത്തി. ആ സമയത്ത് ഞാന്‍ ഹോളിവുഡിലേക്ക് തിരിഞ്ഞു. ഞാന്‍ ഈ പറയുന്നത് തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, മറിച്ച് അതിജീവനത്തെക്കുറിച്ചാണ്.
ഒരുപാട് ത്യാഗങ്ങളിലൂടെയാണ് താന്‍ തന്റെ കരിയര്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഫാഷന്‍ എന്ന സിനിമ റിലീസായതോടെ തന്റെ ജീവിതം മാറി മറിഞ്ഞു.
ആ സമയത്ത് ജോലി നിരസിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു. നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടു. നിരന്തരമായ സമ്മര്‍ദവും കരിയര്‍ തകര്‍ച്ചയെക്കുറിച്ചുള്ള ഭയവും സിനിമാ ലോകത്തിനുള്ളില്‍ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിച്ചു.
തിരിച്ചടികളുടെ ഈ ഘട്ടം സ്വയം പുനര്‍നിര്‍മിക്കാനുള്ള പ്രേരണയായി. നിര്‍മാണത്തിലേക്ക് കടക്കുകയും ഏറ്റെടുത്ത പദ്ധതികളെക്കുറിച്ച് കൂടുതല്‍ ബോധപൂര്‍വമായ തെരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്തു', -പ്രിയങ്ക വ്യക്തമാക്കി.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബു നായകനായി എത്തുന്ന സിനിമയില്‍ വില്ലനെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് ആണ്.